For faster navigation, this Iframe is preloading the Wikiwand page for തിരുപ്പാവൈ.

തിരുപ്പാവൈ

ആണ്ടാൾ രചിച്ച മുപ്പതു പാചുരങ്ങളുടെ സമാഹാരമാണ് തിരുപ്പാവൈ എന്ന പ്രാചീന തമിഴ് കൃതി. പെരുമാളിനെ (വിഷ്ണു) സ്തുതിച്ചുകൊണ്ടു് പാടുന്ന ഈ പാട്ടുകൾ നാലായിരം ദിവ്യപ്രബന്ധം എന്ന തമിൾ വൈഷ്ണവ ഭക്തിസാഹിത്യശേഖരത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു. അമ്പാടിയിലെ ഇടയപ്പെൺകൊടിമാർ മാർകഴി മാസത്തിൽ ആചരിച്ച 'പാവൈ നോയ്മ്പ്' എന്ന ആതിരാവ്രതത്തിന്റെ ഗീതചിത്രീകരണമാണു് ഈ മുപ്പതു പാട്ടുകളിലൂടെ ആണ്ടാൾ നിർവ്വഹിക്കുന്നതു്. ഇടക്കാലത്തു് പ്രചാരം തീരെക്കുറഞ്ഞുപോയ ഈ വ്രതാചരണം കാഞ്ചി ശങ്കരാചാര്യരുടേയും മറ്റും ശ്രമഫലത്താൽ പുനർജ്ജീവിക്കപ്പെട്ടു.[1] മലയാള പരിഭാഷ http://divyaprabandham.koyil.org/index.php/2021/06/thiruppavai-malayalam-simple/

പ്രചോദനം

[തിരുത്തുക]

തിരുപ്പാവൈയിലെ പാട്ടുകൾക്കു് പ്രചോദനമായ മൂലകഥ ഭാഗവതത്തിലെ കൃഷ്ണാവതാരമാണെന്നു വിശ്വസിക്കുന്നു. ശ്രീമദ് ഭാഗവതപുരാണത്തിലെ ദശമസ്കന്ധം 22-ആം അദ്ധ്യായത്തിൽ ഒരു കാത്യായനീവ്രതത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ടു്. നന്ദഗോപന്റെ വീട്ടിൽ ശ്രീകൃഷ്ണൻ വളർന്നുകൊണ്ടിരിക്കേ ആ കുമാരൻ തങ്ങളുടെ ഭർത്താവായിത്തീരണമെന്നാഗ്രഹിക്കുന്ന പെൺകിടാങ്ങൾ അനുഷ്ഠിക്കുന്ന ഒരു നൊയമ്പായാണു് കാത്യായനീവ്രതത്തെ സൂചിപ്പിക്കുന്നതു്. ഹേമന്തഋതുവിലെ ആദ്യമാസത്തിൽ കാളിന്ദീനദിയിൽ കുളിച്ച് മണലുകൊണ്ടുണ്ടാക്കിയ ദേവീപ്രതിമയെ ഗന്ധമാല്യാദികളാൽ പൂജിച്ചുകൊണ്ട് "കാത്യായനി മഹാമായേ മഹായോഗിന്യധീശ്വരീ! നന്ദഗോപസുതം ദേവി, പതിം മേ കുരു തേ നമഃ" എന്ന മന്ത്രം ജപിച്ചുകൊണ്ടു് എല്ലാ വർഷവും ഒരു മാസത്തോളം അവർ ഈ വ്രതം തുടർന്നുകൊണ്ടിരുന്നുവത്രേ. അക്കാലത്തു് അവർ നൈവേദ്യം മാത്രമേ ഭക്ഷിച്ചിരുന്നുള്ളൂ എന്നും എല്ലാ ദിവസവും പ്രഭാതമാവുന്നതിനു തൊട്ടുമുമ്പ് ഉണർന്നെഴുന്നേറ്റ് കൂട്ടം ചേർന്നു്, അന്യോന്യം കെട്ടിപ്പിടിച്ച്, കൃഷ്ണനെപ്പറ്റി ഉറക്കെപ്പാടിക്കൊണ്ടുമായിരുന്നു കാളിന്ദിയിൽ നീരാടാൻ പോയിരുന്നത് എന്നും ഭാഗവതത്തിൽ വർണ്ണിച്ചിട്ടുണ്ടു്. ("ഉഷസ്യുത്ഥായ ഗോത്രൈഃ സ്വൈരന്യോന്യാബദ്ധബാഹവഃ; കൃഷ്ണമുച്ചൈർ ജഗുര്യാന്ത്യഃ കാളിന്ദ്യാം സ്നാതുമന്വഹം" - ഭാഗവതം). ഈ കഥാസന്ദർഭമായിരിക്കണം 'തിരുപ്പാവൈ'യ്ക്കു പ്രചോദനമായിട്ടുണ്ടാവുക. പക്ഷേ, ഇതിലുപരി, ഭാഗവതത്തിൽ രേഖപ്പെടുത്താത്ത ഏതോ പാരമ്പര്യമാണു് തിരുപ്പാവൈയുടെ വിപുലമായ വർണ്ണനയ്ക്ക് ആധാരം എന്നു് പിൽക്കാല വ്യാഖ്യാതാക്കൾ അനുമാനിക്കുന്നു[1]. മേൽപ്പറഞ്ഞ പതിവുകളിൽ നിന്നും വ്യത്യസ്തമായി 'പാവൈനോമ്പ്' എന്ന ആചാരത്തിലെ ചടങ്ങുകൾ വിവരിക്കപ്പെടുന്നതാണു് ഈ അനുമാനത്തിനു കാരണം.

പ്രകാരം

[തിരുത്തുക]

ലളിതസുന്ദരമായ മുപ്പതു പാട്ടുകൾ ആണു് തിരുപ്പാവൈയുടെ പ്രധാന ഉള്ളടക്കം. എന്നാൽ പിൽക്കാലത്തു് അനുഗാമികൾ എഴുതിച്ചേർത്ത മൂന്നു തനിയനുകൾ (ഒറ്റശ്ലോകങ്ങൾ) കൂടി തിരുപ്പാവൈയുടെ ഭാഗമായി കണക്കാക്കപ്പെടുകയോ ആചരിക്കപ്പെടുകയോ ചെയ്യുന്നുണ്ടു്. ഇതിനും പുറമേ, ഗോദാസ്തുതി എന്ന പേരിൽ ഒരു പദ്യം കൂടി തിരുപ്പാവൈയുടെ ഭാഗമായി പഠിതാക്കൾക്കു കണക്കാക്കാം.

ഗോദാസ്തുതി

[തിരുത്തുക]

ഭാരതീയകാവ്യസങ്കൽപ്പമനുസരിച്ചുള്ള 'കാവ്യപ്രശംസ' എന്ന അംഗമായി കണക്കാക്കാവുന്ന ഈ പദ്യം ആണ്ടാളുടെ ഐതിഹ്യത്തിനോ ചരിത്രത്തിനോ ആധാരമാവുന്ന ഒരു പിൻ‌കാലരേഖകൂടിയാണു്. വേദാന്തദേശികന്റെ പ്രബന്ധസാരം എന്ന കൃതിയിൽനിന്നും എടുത്ത ഗോദാസ്തുതി ഇപ്രകാരമാണു്:

വേയർ പുകഴ്വില്ലിപുത്തൂരാടിപ്പൂരം
മേൾമേലു മിക വിളങ്ക വിട്ടുചിത്തൻ
തൂയതിരുമകളായ് വന്തരങ്കനാർക്കു്
തുഴായ്മാലൈ മുചൂടിടിക്കൊടുത്തമാതേ
നേയമുടൻ തിരുപ്പാവൈ പാട്ടാറൈൻതു
നീയുരൈത്ത തൈയൊരു തിങ്കൾ പാമാലൈ
ആയപുകഴ് നൂറ്റുനാർപ്പതുമൂന്റും
അൻപുടനേ അടിയേനുക്കരുൾചെയ് നീയേ

(ചുറ്റുമുള്ളവർ പുകഴ്ത്തുമാറു് ശ്രീവില്ലിപുത്തൂരിൽ ആടി (കർക്കിടകം) മാസത്തിലെ പൂരം നാളിൽ മേൽക്കുമേൽ മികച്ച പ്രസിദ്ധിയാർജ്ജിച്ച വിഷ്ണുചിത്തന്നു് തൂമയും(പരിശുദ്ധി) ശ്രീയും നിറഞ്ഞ മകളായി വന്നു് ശ്രീരംഗനാഥനു് തുളസിമാല, സ്വന്തം മുടിയിൽ ചൂടിയതിനുശേഷം നൽകിയ സ്ത്രീയേ, പ്രേമത്തോടെ, തിരുപ്പാവൈ എന്ന മുപ്പതു പാട്ടുകളും തൈ (മകരം) മാസത്തിൽ നീ പാടിയ പാട്ടുകളുടെ മാലയാകുന്ന (നാച്ചിയാർ തിരുമൊഴി) പ്രസിദ്ധമായ 143 പാസുരങ്ങളേയും കാരുണ്യപൂർവ്വം അടിയനു നീ പറഞ്ഞുതന്നാലും)

തനിയനുകൾ

[തിരുത്തുക]

പരാശരഭട്ടന്റെ സംസ്കൃതശ്ലോകം

[തിരുത്തുക]

തിരുപ്പാവൈയെ പ്രകീർത്തിക്കുകയോ അവതരിപ്പിക്കുകയോ ചെയ്യുന്ന മൂന്നു തനിയനുകളിൽ ഒന്നു് പരാശരഭട്ടർഎഴുതിയ സംസ്കൃതത്തിലുള്ള ശ്ലോകമാണു്.

നിളാതുംഗസ്തനഗിരിതടീസുപ്തമുദ്ബോധ്യ കൃഷ്ണം
പാരാർത്ഥ്യം സ്വംശ്രുതി ശത ശിരസ്സിദ്ധമധ്യാപയന്തീ
സ്വോച്ഛിഷ്ടായാം സ്രജി നിഗളിതം യാ ബലാത്കൃത്യ ഭുംക്തേ
ഗോദാ, തസ്യൈ നമഃ ഇദമിദം ഭൂയ ഏവാസ്തു ഭൂയഃ

ഉയ്യക്കൊണ്ടാരുടെ തമിഴ് തനിയനുകൾ

[തിരുത്തുക]

ഉയ്യക്കൊണ്ടാർ എന്ന തമിഴ് കവി പില്ക്കാലത്തു രചിച്ച രണ്ടു തനിയനുകളെ തിരുപ്പാവൈയുടെ പതിയം (ആമുഖം) ആയി കണക്കാക്കുന്നു:

1.

അന്നവയൽ പുതുവൈ ആണ്ടാൾ അരങ്കർക്കു
പന്നു തിരുപ്പാവൈ പൽപതികം ഇന്നിശൈയാൽ
പാടിക്കൊടുത്താൾ നൽ പാമാലൈ പൂമാലൈ
ചൂടിക്കൊടുത്താളൈ ചൊൽ

2.

ചൂടിക്കൊടുത്ത ചുടർക്കൊടിയേ തൊല്പാവൈ
പാടിയരുളവല്ല പല്വളൈയായ് - നാടിനീ
വേങ്കടവർക്കു എന്നൈ വിതി എന്റവിമ്മാറ്റം
നാം കടവാ വണ്ണമേ നൽകു്

പ്രകൃതം

[തിരുത്തുക]

സംഘസാഹിത്യത്തിനു ശേഷമുള്ള രണ്ടു സമാന്തര പഥങ്ങളാണു് ശൈവസാഹിത്യ സംബന്ധമായ തേവാരങ്ങളും വൈഷ്ണവസാഹിത്യ സംബന്ധമായ ദിവ്യപ്രബന്ധവും. ഈ പരിവർത്തന കാലഘട്ടത്തിൽ തമിഴിലെ ഭാഷയിലും ശൈലിയിലും വൃത്താലങ്കാര ശീലങ്ങളിലും പ്രകടമായ മാറ്റങ്ങൾ വന്നുചേർന്നിരുന്നു. സംഘകൃതികളിലെ തമിഴ്, താരതമ്യേന സംക്ഷിപ്തദുർഗ്രഹവും അതിന്റെ ശൈലി സങ്കേതജടിലവുമായിരുന്നു. എന്നാൽ തേവാരങ്ങളിലും ദിവ്യപ്രബന്ധത്തിലും കാണുന്ന ഭാഷ സാഹിത്യ സംസ്കാര സമ്പന്നവും അതേ സമയം തന്നെ ലളിതവുമായി കാണപ്പെടുന്നു. താളമിട്ടു പാടുവാൻ തക്ക വിധത്തിലാണു് ഇക്കാലത്തെ രചനകൾ മുഴുവൻ സ്വരൂപിച്ചിട്ടുള്ളതു്. തിരുപ്പാവൈയിലെ പദ്യങ്ങളാകട്ടെ, സംസ്കൃതരീതി പിന്തുടർന്നുകൊണ്ടുള്ള ചതുഷ്പാദികളാണു്. കൊച്ചകക്കലിപ്പാ എന്നറിയപ്പെടുന്ന വൃത്തത്തിലാണു് തിരുപ്പാവൈ രചിക്കപ്പെട്ടിട്ടുള്ളതു്. ഓരോ പാചുരത്തിലും എട്ടു പാദങ്ങളും ഓരോ പാദത്തിലും നാലു ഗണങ്ങളുമുണ്ടു്. (ഗണങ്ങളെ ചീരുകൾ എന്നു വിളിക്കുന്നു). എന്നാൽ സംസ്കൃതത്തിലുള്ളതിനു വിരുദ്ധമായി, ഗണങ്ങൾ കണക്കാക്കുന്നതു് അതിലെ അക്ഷരങ്ങളെ നോക്കിയല്ല, പകരം 'അചൈ'കളെ എണ്ണിയാണു്. ഒരു 'അചൈ'യിൽ ഒരക്ഷരമോ രണ്ടക്ഷരമോ ആവാം.

തമിഴിലെ എല്ലാ വൃത്തങ്ങളും താരതമ്യേന സംഗീത പ്രധാനമാണു്. അവയെല്ലാം പാടാൻ ഉദ്ദേശിച്ച് താളാധിഷ്ഠിതമായി തയ്യാറാക്കി വെച്ചിട്ടുള്ളവയുമാണു്. ദിവ്യപ്രബന്ധത്തിലെ മിക്കവാറും എല്ലാ പാട്ടുകൾക്കും, മുമ്പേ നിർദ്ദേശിക്കപ്പെട്ട രാഗങ്ങളും താളങ്ങളും ഉണ്ടു്. ഇവയിൽ അത്യന്തം പ്രാചീനമായ ചില രാഗവിശേഷങ്ങളാണു് തമിഴിൽ പണ്ണുകൾ എന്നറിയപ്പെടുന്നതു്. ഇടക്കാലത്തു് പ്രയോഗം കുറഞ്ഞുപോയ ഇവയെ കർണ്ണാടകസംഗീത സമ്പർക്കം മൂലം പരിഷ്കരിക്കപ്പെട്ട ആധുനിക തമിഴ് സംസ്കാരം പുനരുദ്ധരിക്കാൻ ശ്രമിച്ചിട്ടുണ്ടു്.

തിരുപ്പാവൈയിലെ പാചുരങ്ങൾ അട, ആദി, ത്രിപുട, രൂപകം എന്നീ താളങ്ങളും ബിലഹരി,പന്തുവരാളി, കാംബോജി, തോടി, ഭൂപാളം, മോഹനം, അസാവേരി,കേദാരഗൗള, ശഹാന, അഠാണ, സാരംഗം, സൗരാഷ്ട്രം, യമുനാകല്യാണി, ശ്രീ, സാവേരി, ദേശി, ഭൈരവി, പിയാകടൈ, ശങ്കരാഭരണം, ആരഭി, ആനന്ദഭൈരവി, ധന്യാശി, കല്യാണി, സുരുട്ടി എന്നീ രാഗങ്ങളിൽ പാടണമെന്നു നിർദ്ദേശങ്ങളോ കീഴ്- വഴക്കങ്ങളോ പതിവുണ്ടു്.

എം.എസ്. സുബ്ബലക്ഷ്മി,എം.എൽ. വസന്തകുമാരി തുടങ്ങിയ ആധുനിക കർണ്ണാടകസംഗീതജ്ഞരിലൂടെ തിരുപ്പാവൈ പാട്ടുകൾ ഇപ്പോൾ കൂടുതൽ പ്രചാരത്തിലുണ്ടു്. ആധുനിക സംഗീതോപകരണങ്ങളുടെ വരവോടെ, തിരുപ്പാവൈ പ്രാചുരങ്ങൾ വിവിധ ശൈലികളിൽ പാടിപ്പരത്താൻ പുതിയ തലമുറയ്ക്കു് അവസരം ലഭിക്കുന്നുമുണ്ടു്.

പ്രതിപാദ്യം

[തിരുത്തുക]

മാർകഴി (മാർഘശീർഷം) മാസത്തിലെ സുഖകരമായ കുളിരുള്ളതും നിലാവു നിറഞ്ഞതുമായ ദിവസങ്ങളിൽ അമ്പാടിയിലെ സുന്ദരിമാരായ പെൺകിടാങ്ങൾ നീരാടാൻ പോകുമ്പോൾ 'പാവൈനോൻപ്' എന്ന വ്രതത്തിനാവശ്യമായ 'പറ' എന്ന താളവാദ്യം വാങ്ങുന്നതിനു് ഗോത്രനായകനായ നന്ദഗോപന്റെ വീട്ടിൽ ചെന്നു് അദ്ദേഹത്തിന്റെ പുത്രനായ ശ്രീകൃഷ്ണനെ വിളിച്ചുണർത്തുന്നതാണു് തിരുപ്പാവൈയുടെ ആസകലപ്രതിപാദ്യം. കൂട്ടുകാരൊരുമിച്ച് കൃഷ്ണസ്തുതികളും ചേർത്തു പാട്ടുപാടിപ്പോകുന്ന അവർ കൃഷ്ണനെ മാത്രമല്ല നന്ദഗോപരേയും യശോദയേയും ബലരാമനേയും കൂടി വിളിച്ചുണർത്തുന്നു. നന്ദഗോപരുടെ പുത്രപത്നിയായ 'നപ്പിന്നൈ'യോടു ഉണർന്നു വന്നു് കതകു തുറക്കാൻ അവർ ആവശ്യപ്പെടുന്നു. ചുറ്റിലും കുത്തുവിളക്കുകൾ എരിയവേ, ആനക്കൊമ്പു കൊണ്ടു തീർത്ത കട്ടിലിൽ പഞ്ഞിക്കിടക്കയിൽ, വിരിഞ്ഞ പൂങ്കുല, മുടിയിൽ ചൂടിയ നപ്പിന്നൈയെ പുണർന്നുറങ്ങിക്കൊണ്ടിരിക്കുകയാണു് അപ്പോഴും ശ്രീകൃഷ്ണൻ. മഴക്കാലത്തു് ഗുഹയിൽ നിന്നും ഉണർന്നെണീറ്റു വന്നു് സിംഹാസനത്തിലിരിക്കുന്ന സിംഹത്തെപ്പോലെ, പുറത്തു വന്നു് തങ്ങളുടെ നിവേദനത്തെക്കുറിച്ച് ചിന്തിക്കാൻ അവർ കൃഷ്ണനോട് പ്രാർത്ഥിക്കുന്നു. പറ (ഒരു താളവാദ്യം), ശംഖുകൾ, മംഗലഗാനങ്ങൾ പാടുന്ന ഗായകർ, കുത്തുവിളക്കു്, കൊടി, വിതാനം മുതലായവ തങ്ങൾക്കു നൽകാൻ അവർ അഭ്യർത്ഥിക്കുന്നു. അഥവാ അറിവില്ലാതെ എന്തെങ്കിലും തെറ്റായി പറഞ്ഞുപോയിട്ടുണ്ടെങ്കിൽ തങ്ങളോടു ക്ഷമിക്കണമെന്നും യഥാർത്ഥത്തിൽ പറ വാങ്ങുന്നതല്ല തങ്ങളുടെ ഉദ്ദേശ്യം, പ്രത്യുത ഈയുള്ള ജന്മവും ഇനിയുള്ള ജന്മങ്ങളും അങ്ങയെ സേവിക്കുവാൻ അവസരമുണ്ടാകണമെന്നതാണെന്നും അതിനുവേണ്ടി തങ്ങളുടെ നിസ്സാര സേവനങ്ങൾ അങ്ങു സ്വീകരിക്കണമെന്നും അപേക്ഷിക്കാനാണു് 'ചിറ്റും ചെറുകാലേ' തങ്ങൾ വന്നു് 'ഉണർത്തിക്കുന്ന'തെന്നും പെൺകിടാങ്ങൾ ശ്രീകൃഷ്ണനെ അറിയിക്കുന്നു. "ആയ്പ്പാടിച്ചെൽവച്ചിറുമി"കളുടെ പാവൈനോമ്പുകൊണ്ടു് അവർക്കു മാത്രമല്ല പുണ്യം എന്നു് അവകാശപ്പെടുന്നു. നാൾകാലേ നീരാടിയും നെയ്യും പാലുമുണ്ണാതെയും കണ്ണിൽ മയ്യെഴുതാതെയും മലർചേർത്തു മുടി മെടയാതെയും ചെയ്തുകൂടാത്തവ ചെയ്യാതെയും ഏഷണിയിൽ ഏർപ്പെടാതെയും ദാനധർമ്മങ്ങളിൽ ഏർപ്പെട്ടും അവരിങ്ങനെ നോമ്പുനോൽക്ക കൊണ്ടു് നാട്ടിലെ ദോഷങ്ങൾ തീരും, മാസം തോറും മുമ്മൂന്നു മഴ വീതം പെയ്യും, ചെന്നെല്ലു വിളഞ്ഞുനിൽക്കുന്ന പാടങ്ങളിൽ കയൽമീനുകൾ നീന്തിത്തുടിക്കും, വിരിഞ്ഞ കുമളപ്പൂവുകൾക്കുള്ളിൽ വണ്ടുകൾ തേനുണ്ടു മയങ്ങും, തടിച്ച പശുക്കൾക്കരികിലിരുന്നു് ഇടയർ വീർത്ത അകിടുകൾ കറന്നു് പാൽക്കുടങ്ങൾ നിറയ്ക്കും, ഇതു

വഴി നാടാകെ സമ്പൽസമൃദ്ധിയും സമാധാനവും നിറയും എന്നെല്ലാം അവർ പ്രതീക്ഷിക്കുന്നു.

ഇപ്രകാരം ലളിതമായ ആവശ്യങ്ങളുടെ പ്രതിപാദനമാണു് ഈ പാട്ടുകൾ എന്നു് പ്രഥമദൃഷ്ട്യാ തോന്നാമെങ്കിലും പ്രചത്തി (ആരാദ്ധ്യദേവന്റെ പാദങ്ങളിൽ ഭക്തന്റെ സമ്പൂർണ്ണമായ ആത്മസമർപ്പണം) ആണു് തിരുപ്പാവൈയുടെ ആന്തരികപ്രമേയമെന്നു് വ്യാഖ്യാതാക്കൾ വിശദീകരിക്കുന്നു. [1]

തിരുപ്പാവൈയും പഴയമലയാളവും

[തിരുത്തുക]

പഴയ മലയാളത്തിലെ പല ഭാഷാപ്രയോഗങ്ങൾക്കും തിരുപ്പാവൈയുടെ പാചുരങ്ങളിലുള്ള ശൈലികളുമായി പ്രകടമായ സാദൃശ്യമോ സംക്രമണലക്ഷണങ്ങളോ ഉണ്ടെന്നു് ഭാഷാചരിത്രകാരന്മാർ ചൂണ്ടിക്കാണിച്ചിട്ടുണ്ടു്.[2] മലയാളവുമായി ഏറ്റവും അടുത്തുനിന്ന തമിൾ ഭാഷാഘട്ടം തിരുപ്പാവൈയുടെ കാലഘട്ടമായിരിക്കണമെന്നു് വേണുഗോപാലപ്പണിക്കർ അനുമാനിക്കുന്നു. ഇതിനു് ഉപോൽബലകമായി അദ്ദേഹം ചില വസ്തുതകൾ ഉദാഹരിക്കുന്നുണ്ടു്:

1. ഏറ്റവും ആദ്യത്തെ പഴയമലയാളം കൃതികളിൽ കാണുന്ന ക്രിയാരൂപങ്ങൾ കാലപ്രത്യയാന്തങ്ങൾ (ഉദാ: വന്നു, വരുന്നു, വരും) ആയിരുന്നില്ല. പകരം കർത്താവിനെ സൂചിപ്പിച്ചുകൊണ്ടു് വന്നാൻ (അവൻ വന്നു), വന്നാൾ (അവൾ വന്നു), വന്നൂ(തു) (അതു വന്നു), വന്നായ് (നീ വന്നു), വന്നേൻ (ഞാൻ വന്നു), വന്നന (അവ വന്നു) എന്നെല്ലാമായിരുന്നു. ഇവയ്ക്കു സമാനമാണു് തിരുപ്പാവൈയിലെ ക്രിയാപ്രയോഗങ്ങൾ. എന്നാൽ പ്രാചീന തമിളിൽ ഇത്തരം പ്രയോഗങ്ങൾ (പ്രത്യേകിച്ച് സർവ്വനാമപ്രത്യയങ്ങൾ) സമാനമല്ല[2].

2. "നെയ്യുണ്ണോം, പാലുണ്ണോം (നെയ്യുണ്ണാതെയും പാലുണ്ണാതെയും) എന്നീ നിഷേധാർത്ഥസഹിതമായ വാക്കുകൾ പൂർണ്ണക്രിയകളല്ല. വിനയെച്ചങ്ങൾ - മുറ്റെച്ചങ്ങൾ ആണു്. നിഷേധപ്രത്യയം ചേർക്കുന്നതിനുപകരം ഉൺ-ഓം എന്നീ ധാതുവും സർവ്വനാമപ്രത്യയവും വിളക്കിച്ചേർത്താണു് അർത്ഥപൂർത്തി വരുത്തുന്നതു്. ഒട്ടും പൂട്ടേൻ (കെട്ടിപ്പിടിക്കയില്ല), മുകവുമണയേൻ(ചുംബിക്കയില്ല), തംബലം പോലുമൊന്നു താരേൻ കൊള്ളേൻ (താംബൂലം പോലും തരികയോ ഇങ്ങോട്ടുതന്നാൽ സ്വീകരിക്കുകയോ ഇല്ല) തുടങ്ങിയ പ്രയോഗങ്ങൾ ലീലാതിലകശ്ലോകത്തിലുള്ളതു് ഈ ശീലത്തിനു സമാനമാണു്[2].

3. മലയാളത്തിലുള്ളതുപോലെ, വാൻ / പാൻ എന്നീ പ്രത്യയങ്ങൾ ചേർത്ത് പിൻവിനയെച്ചമുണ്ടാക്കുന്ന രീതി (പാസുരം 8 : പോവാൻ,കൂവുവാൻ,14:ചങ്കിടുവാൻ,എഴുപ്പുവാൻ) തമിഴിൽ തിരുപ്പാവൈയ്ക്കുമുമ്പോ പിൻപോ പ്രചുരപ്രചാരത്തിലുണ്ടായിരുന്നിട്ടില്ല.

4. ചിറ്റാമൽ, പേശാമൽ തുടങ്ങിയവയ്ക്കു പകരം 'ചിറ്റാതെ', 'പേശാതെ' എന്നെല്ലാം (പാചുരം 11) പ്രയോഗിച്ചിരിക്കുന്നു. ഇതിലെ 'ആ'(ആതവണ്ണം) എന്ന പ്രത്യയമാണു് മലയാളത്തിലെ മൂലനിഷേധപ്രത്യയം എന്നു ശ്രദ്ധിക്കുക.

5. പൂർണ്ണക്രിയയിൽ അവസാനിക്കുന്ന വാക്യത്തെ മുഴുവനായോ നാമം പോലെ ആക്കി വിഭക്തിപ്രത്യയവും ചേർത്തു് കർമ്മമാക്കുന്ന രീതി ((1)പാചുരം 13:"പുള്ളിൻവായ് കീണ്ടാനൈ - (അവൻ പുള്ളിന്റെ വായ് പിളർന്നു - അവനെ); (2)പൊല്ലാവരക്കനെ കിള്ളി കളനിതാനൈ; (3)ആയർചിറുമിയരോമുക്കു)) പുതുമലയാളത്തിൽ പ്രയോഗത്തിലില്ലെങ്കിലും കൃഷ്ണഗാഥയുടെ ശൈലിയുമായി പലയിടത്തും ഒത്തുപോകുന്നു. ഉദാ: (പാവകൻ വന്നു വിഴുങ്ങുന്നോനെ; എന്തങ്ങു ചെയ്യുന്നോൻ; കാർമുകിൽവർണ്ണൻ കളിക്കുന്നോനേ,...). ഇതുപോലെ തോറ്റംപാട്ടുകളിലെ വരികളുമായി സാദൃശ്യമുള്ളതാണു് "നന്നാളാൽ"( നല്ല നാളിൽ) എന്ന പ്രയോഗത്തിലുള്ള സപ്തമീവിഭക്ത്യർത്ഥം ( ഉദാ: "വണ്ണായിക്കടവാൽ നീരാടി...")

6. ഭൂമിയിൽ എന്ന അർത്ഥത്തിൽ കാണപ്പെടുന്ന "വൈയത്തു" എന്ന വാക്കു് പ്രത്യേകം ശ്രദ്ധേയമാണു്. 'വയറ്റത്തു്', 'ഇരുട്ടത്തു്', 'മഴയത്തു്', 'വെയിലത്തു്' തുടങ്ങിയ പ്രയോഗങ്ങൾ ഇന്ന് മലയാളത്തിൽ മാത്രമാണുള്ളതു്.

കർണ്ണാടക സംഗീതജ്ഞനും വായ്പ്പാട്ടുകാരനുമായ അരിയക്കുടി രാമാനുജ അയ്യങ്കാർ മുപ്പതുഗീതങ്ങൾ ചിട്ടപ്പെടുത്തി ശബ്ദലേഖനം ചെയ്തിട്ടുണ്ട്.

ഇന്ത്യയ്ക്കു പുറത്ത്

[തിരുത്തുക]

ഈ കൃതി തായ്‌ലാന്റിലും ആലപിക്കപ്പെടുന്നുണ്ട്. തമിഴ് കലണ്ടറിലെ മാർഗഴി മാസത്തോടനുബന്ധിച്ച് ഡിസംബർ ജനുവരി മാസങ്ങളിലാണ് ത്രിയംപാവൈ-ത്രിപ്പാവൈ എന്ന പേരിലറിയപ്പെടുന്ന ചടങ്ങിൽ ഗാനമാലപിക്കപ്പെടുന്നത്. [3]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 ആണ്ടാൾ പാടിയ തിരുപ്പാവൈ (അവതാരിക)- എൻ.വി. കൃഷ്ണവാരിയർ 1984
  2. 2.0 2.1 2.2 ആണ്ടാൾ പാടിയ തിരുപ്പാവൈ - തിരുപ്പാവൈയും പഴയ മലയാളവും (പഠനലേഖനം) - വേണുഗോപാലപ്പണിക്കർ 1986 കേരളസാഹിത്യ അക്കാദമി
  3. "Hindu Dharma".

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
{{bottomLinkPreText}} {{bottomLinkText}}
തിരുപ്പാവൈ
Listen to this article

This browser is not supported by Wikiwand :(
Wikiwand requires a browser with modern capabilities in order to provide you with the best reading experience.
Please download and use one of the following browsers:

This article was just edited, click to reload
This article has been deleted on Wikipedia (Why?)

Back to homepage

Please click Add in the dialog above
Please click Allow in the top-left corner,
then click Install Now in the dialog
Please click Open in the download dialog,
then click Install
Please click the "Downloads" icon in the Safari toolbar, open the first download in the list,
then click Install
{{::$root.activation.text}}

Install Wikiwand

Install on Chrome Install on Firefox
Don't forget to rate us

Tell your friends about Wikiwand!

Gmail Facebook Twitter Link

Enjoying Wikiwand?

Tell your friends and spread the love:
Share on Gmail Share on Facebook Share on Twitter Share on Buffer

Our magic isn't perfect

You can help our automatic cover photo selection by reporting an unsuitable photo.

This photo is visually disturbing This photo is not a good choice

Thank you for helping!


Your input will affect cover photo selection, along with input from other users.

X

Get ready for Wikiwand 2.0 🎉! the new version arrives on September 1st! Don't want to wait?